Monday, 23 September 2013

കേരള ലളിതകലാ അക്കാദമിയുടെ ചിത്രച്ചന്ത 25 മുതല്‍

കേരള ലളിതകലാ അക്കാദമിയുടെ ചിത്രച്ചന്ത 25 മുതല്‍
കൊച്ചി: ഇഷ്ടപ്പെട്ട പെയിന്റിംഗ് തെരഞ്ഞെടുത്ത് വാങ്ങാന്‍ കലാസ്വാദകര്‍ക്ക് കേരള ലളിത കലാഅക്കാദമി അവസരമൊരുക്കുന്നു. കൊച്ചി ദര്‍ബാര്‍ ഹാള്‍ ആര്‍ട് ഗാലറിയിലും പരിസരത്തുമായി പ്രസിദ്ധരായ എഴുപത്തഞ്ചോളം ചിത്രകാരന്മാരുടെ വൈവിധ്യമാര്‍ന്ന

ചിത്രശേഖരം 25 മുതല്‍ 28 വരെ ആസ്വാദകര്‍ക്കായി തുറന്നു നല്‍കുമെന്ന് ചെയര്‍മാന്‍ കെ.എ ഫ്രാന്‍സീസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഉത്സവപ്പറമ്പുകലിലേതു പോലെ ചെറിയ സ്റ്റാളുകളിലാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കസാകാരന്മാര്‍ തങ്ങളുടെ കലാസൃഷ്ടി നിരത്തി വയ്ക്കുക. ആസ്വാദകര്‍ക്ക് ഓരോ സ്റ്റാളിലും കയറി ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ വിലപേശി വാങ്ങാം.
വീട്ടില്‍ ഒരു ചിത്രമെങ്കിലും വേണമെന്ന് മലയാളിക്ക് നിര്‍ബന്ധമാണ്. വീടുകളിലില്ലാത്ത മൗലിക ചിത്രങ്ങള്‍ സ്വന്തം കീശക്കൊത്ത വിലയില്‍ തെരഞ്ഞെടുത്ത് വാങ്ങാനുള്ള അപൂര്‍വ അവസരമാണിതെന്ന് അദ്ദേഹം പറഞ്ഞു. രേഖാചിത്രങ്ങല്‍ മുതല്‍ അത്യന്താധുനിക പെയിന്റിംഗുകള്‍ വരെ ചിത്രച്ചന്തയില്‍ ലഭിക്കും. പ്രകൃതി ചിത്രങ്ങള്‍, ചുമര്‍ ചിത്രങ്ങള്‍, തെയ്യം-തിറ ചിത്രങ്ങള്‍ എന്നിങ്ങനെ കണ്ണഞ്ചിപ്പിക്കുന്ന വലിയ ഒരു ചിത്രശേഖരമാണ് ഒരുക്കുന്നത്. ഇത്രയേറെ വൈവിധ്യമാര്‍ന്നതും സാധാരണക്കാര്‍ക്കു പോലും താങ്ങാവുന്ന വിലയ്ക്ക് ചിത്രങ്ങള്‍ സ്വന്തമാക്കാവുന്നതുമായ ഒരവസരമൊരുക്കുന്നത് കേരളത്തില്‍ ഇതാദ്യമാണ്.
മൈസൂര്‍, ബംഗളൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നടത്തുന്ന ഏകദിന ചിത്രചന്തകളുടെ മാതൃകയിലാണ് കൊച്ചിയില്‍ നാലു ദിവസം നീണ്ടു നില്‍ക്കുന്ന ചിത്രചന്ത നടത്തുന്നത്. 25 ന് വൈകുന്നേരം അഞ്ചു മണിയ്ക്ക് അക്കാദമിയുടെ മുന്‍ ചെയര്‍മാനും പ്രശസ്ത ചിത്രകാരനുമായ സി.എന്‍. കരുണാകന്‍ ചിത്രചന്ത ഉദ്ഘാടനം ചെയ്യും. കളക്ടര്‍ പി.ഐ ഷേക്ക് പരീത് മുഖ്യാതിഥിയായിരിക്കും. പിറ്റേന്നു മുതല്‍ 28 വരെ എല്ലാ ദിവസവും രാവിലെ 10 മുതല്‍ ഏഴു വരെയായിരിക്കും ചിത്രച്ചന്ത. ആദ്യം നടത്തുന്ന ചിത്രച്ചന്ത എന്ന നിലയില്‍ ആയിരം രൂപയുടെ ഡ്രാഫ്റ്റ് നല്‍കി രജിസ്റ്റര്‍ ചെയ്ത ചിത്രകാരന്മാര്‍ക്ക് മാത്രമാണ് അവസരം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സെക്രട്ടറി ശ്രീമൂലനഗരം മോഹന്‍, കണ്‍വീനര്‍ ടി.എ.എസ് മേനോനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 

Monday, 9 September 2013

 ആര്‍ട്ടിസ്റ്റ് രാമചന്ദ്രന്‍ പറയുന്നു-നിങ്ങള്‍ക്ക് ചിത്രകലയെ രണ്ടു വിധത്തില്‍ സമീപിക്കാം. നേരമ്പോക്കിനായും ഒരു പ്രഫഷണായും. ഹോബിയാണെങ്കില്‍ ബുദ്ധിമുട്ടേണ്ട കാര്യമില്ല. ഒരു പുസ്തകം വായിക്കുകയോ സിനിമ കാണുകയോ ചെയ്യുന്ന ലാഘവമേ അതിനു വേണ്ടു. പ്രഫഷണായി മാറ്റാന്‍ തീരുമാനിച്ചാല്‍ ഒരു ചിത്രം പണിതെടുത്തേ മതിയാകൂ. കേരളത്തില്‍ ഇപ്പോള്‍ ആരും ചിത്രകലയേയോ ചിത്രകാരനേയോ വില കുറച്ച് കാണുന്നില്ല. നല്ല ചിത്രം-മനസിന് ഇഷ്ടപ്പെട്ടത്-നല്ല വില കൊടുത്തു തന്നെ വാങ്ങാന്‍ ആളുണ്ട്. പിന്നെ എന്തിനത് ഹോബിയാക്കണം?